പത്തനംതിട്ട: കടമ്മനിട്ടയിൽ പതിനേഴുകാരിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു കോടതി. കടമ്മനിട്ട സ്വദേശി ശാരികയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും അയൽവാസിയുമായ സജിലിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി.
2017 ജൂലൈ 14 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഒപ്പം വരണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ശാരികയെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. കടമ്മനിട്ടയിലെ ബന്ധുവീട്ടിൽ വെച്ചാണ് ശാരികയെ പെട്രോള്‍ ഒഴിച്ച് സജില്‍ കൊലപ്പെടുത്താൻ ശ്രമിച്ചത്. ജൂലൈ 22നായിരുന്നു മരണം. പെൺകുട്ടിയുടെ മരണം മൊഴിയും പ്രതിയുടെ ശരീരത്തിലേറ്റ പൊള്ളലുകളും പ്രധാന തെളിവുകളായി.
ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായെടുത്താണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.






