പാലക്കാട്: നെന്മാറ അയിലൂരിൽ അയിലമുടിച്ചി മലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മരംമുറിക്കലും ഇതിനായി നടത്തുന്ന റോഡ് നിർമ്മാണവും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. മരങ്ങൾ കടത്താനായി ആറ് കിലോമീറ്ററോളം ദൂരത്തിൽ നിർമ്മിച്ച റോഡിനായി കൂറ്റൻ പാറക്കല്ലുകൾ ഇളക്കിമാറ്റിയതാണ് നിലവിൽ വലിയ സുരക്ഷാ ഭീഷണിയായിരിക്കുന്നത്.
കശുമാവ്, യൂക്കാലി മരങ്ങൾ മുറിച്ച് പകരം നാടൻ മരങ്ങൾ വെച്ചുപിടിപ്പിക്കാനാണ് പദ്ധതിയെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാൽ മരങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനായി മലയുടെ വിവിധ ഭാഗങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാന്തി റോഡ് നിർമ്മിച്ചിരിക്കുകയാണ്. നിർമ്മാണത്തിന്റെ ഭാഗമായി ഇളക്കിമാറ്റിയ വലിയ പാറക്കല്ലുകൾ മലയുടെ വശങ്ങളിൽ അശ്രദ്ധമായി കൂട്ടിയിട്ടിരിക്കുകയാണ്. മഴക്കാലത്ത് ഈ പാറക്കല്ലുകൾ താഴേക്ക് പതിച്ചാൽ വൻ ദുരന്തമുണ്ടാകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
2018-ൽ ഉരുൾപൊട്ടലുണ്ടായ അതീവ പരിസ്ഥിതി ലോല പ്രദേശമാണിത്. 2018-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടയാളും നിലവിലെ അയിലൂർ പഞ്ചായത്ത് പ്രസിഡന്റുമായ രാജേശ്വരി.എൻ, ഇനിയൊരു ദുരന്തം ഈ പ്രദേശത്തിന് താങ്ങാനാവില്ലെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
അതിനിടെ, കശുമാവ് മരങ്ങൾ മുറിക്കുന്നതിന്റെ മറവിൽ വ്യാപകമായി ചന്ദനമരങ്ങൾ മുറിച്ചു കടത്തുന്നതായും ആക്ഷേപമുണ്ട്. മലയിലുണ്ടായിരുന്ന ധാരാളം ചന്ദനമരങ്ങൾ ഇപ്പോൾ കാണാനില്ലെന്നും, ഇത് കൊള്ളയടിക്കപ്പെട്ടതാണോ എന്ന് സംശയമുണ്ടെന്നും വാർഡ് മെമ്പർ എസ്.എ. ഷാജഹാൻ ആരോപിച്ചു. മരം മുറിക്കാൻ കരാർ നൽകിയ ശേഷം വനംവകുപ്പ് കൃത്യമായ പരിശോധനകൾ നടത്തുന്നില്ലെന്നും പരാതിയുണ്ട്.
ചന്ദനമരങ്ങളുടെ തിരോധാനത്തെക്കുറിച്ചും അനധികൃത റോഡ് നിർമ്മാണത്തെക്കുറിച്ചും സർക്കാർ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






