വർക്കല: വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ കാരണം മറ്റ് മതവിഭാഗങ്ങൾ ഈഴവ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാത്ത സാഹചര്യമാണുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി പറയുന്നത് അദ്ദേഹത്തിന്റെ സംസ്കാരമാണെന്നും, അതിന് അനുസരിച്ച് താൻ മറുപടി പറയില്ലെന്നും സച്ചിദാനന്ദ സ്വാമികൾ വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളെ പരിഗണിക്കണമെന്ന ശിവഗിരി മഠത്തിന്റെ ആവശ്യം ഒരു മുന്നണിയും ഗൗരവമായി പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥി നിർണയ വിഷയത്തിൽ രാഹുൽ ഗാന്ധിയോടും മറ്റ് മുന്നണികളോടും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും, നിലവിലെ പട്ടികയിൽ അത് പ്രതിഫലിച്ചില്ലെന്ന് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. അടൂർ പ്രകാശിനും കെ. സുധാകരനും സീറ്റ് ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത് ഒരു സമുദായത്തിന്റെ കാര്യമല്ലെന്നും എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിശ്വകർമജർക്കും ധീവരർക്കും ആവശ്യമായ പരിഗണന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾ പിന്നാക്ക സമുദായങ്ങൾക്ക് ദോഷകരമാണെന്നും, അത് സമുദായങ്ങൾ തമ്മിലുള്ള അകലം വർധിപ്പിക്കുന്നുവെന്നും സച്ചിദാനന്ദ സ്വാമികൾ ആരോപിച്ചു.






