കൊച്ചി: പെരുമ്പാവൂർ വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനിയിൽ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. സംഭരണ കേന്ദ്രം ഒഴിയണമെന്ന് ഗ്രാമപഞ്ചായത്ത് നിർദേശം നൽകിയതിന് പിന്നാലെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
തീപ്പിടിത്തത്തിന് പിന്നാലെ പ്രദേശത്ത് കടുത്ത മലിനീകരണ പ്രശ്നങ്ങളാണ് നേരിടുന്നത്. അസഹ്യമായ ദുർഗന്ധവും ജലമലിനീകരണവും കാരണം പ്രദേശവാസികൾ ദുരിതത്തിലായി. തീ അണച്ചിട്ടും പുക ഉയരുന്നത് തുടരുന്നതായും നാട്ടുകാർ പറയുന്നു.
തീപ്പിടിത്തത്തെ തുടർന്ന് പ്രദേശത്തെ നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതായും പരാതിയുണ്ട്. പരിസരത്തെ മലിനീകരണം ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ കത്തിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും വീഴ്ചയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
സംഭരണ കേന്ദ്രത്തിലെ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണങ്ങൾക്കിടെ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്തണമെന്നും മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് മലിനീകരണ പ്രശ്നത്തിന് പരിഹാരം കാണണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.



