വാഹനങ്ങളിൽ ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങുന്നവർക്ക് ആശ്വാസമായിരുന്ന കുപ്പികളിലും സാധാരണ കന്നാസുകളിലും പെട്രോളും ഡീസലും നൽകുന്ന രീതി പല പെട്രോൾ പമ്പുകളും നിർത്തലാക്കിയതോടെ യാത്രക്കാർ കടുത്ത പ്രതിസന്ധിയിലാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനൊപ്പം, അടുത്തിടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ സ്പീഡ് ഡീസൽ ഓർഡർ, 2026 പ്രകാരമുള്ള പുതിയ നിയമങ്ങളും കൂടിയായതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി. സുരക്ഷാ മാനദണ്ഡങ്ങളും നിയമനിർദേശങ്ങളും കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെങ്കിലും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ വലിയ ചർച്ചയായിരിക്കുകയാണ്.
പമ്പുകളിലെ റീട്ടെയിൽ വിലയും വൻകിടക്കാർക്കുള്ള ബൾക്ക് വിലയും തമ്മിലുള്ള വലിയ വ്യത്യാസം കാരണം വ്യാവസായിക-വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകളിൽ നിന്ന് വൻതോതിൽ ഇന്ധനം പൂഴ്ത്തിവെക്കുന്നതും കള്ളക്കടത്ത് നടത്തുന്നതും തടയാനാണ് കേന്ദ്രം 90 ദിവസത്തേക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. പുതിയ നിയമപ്രകാരം, പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അംഗീകരിച്ച പ്രത്യേക കണ്ടെയ്‌നറുകളിൽ മാത്രമേ ഇന്ധനം വാങ്ങാൻ സാധിക്കൂ. എന്നാൽ ഇത് പ്രായോഗികമായി സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.
നിയമപരമായ നിയന്ത്രണങ്ങൾ മുമ്പും ഉണ്ടായിരുന്നെങ്കിലും അടിയന്തര സാഹചര്യങ്ങൾ പരിഗണിച്ച് പല പമ്പുകളും ഇളവ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള സൗകര്യം പൂർണമായും നിഷേധിക്കപ്പെടുന്നതായാണ് യാത്രക്കാർ പറയുന്നത്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇന്ധനം തീർന്നാൽ വാഹനം കിലോമീറ്ററുകൾ തള്ളി പമ്പിലെത്തിക്കുകയോ, മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയോ ചെയ്യേണ്ട അവസ്ഥയാണ്. ഗ്രാമീണ മേഖലകളിൽ പെട്രോൾ പമ്പുകൾ തമ്മിലുള്ള അകലം കൂടുതലായതിനാൽ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നു.
ദൂര സ്ഥലങ്ങളിലേക്ക് പഠിക്കാനോ ജോലിക്കോ പോകുന്നവർക്ക് വാഹനം അവിടേക്ക് ട്രെയിനിലോ കാർഗോ സർവീസിലോ കൊണ്ടുപോകാൻ സൗകര്യമുണ്ട്. ഇങ്ങനെ പാർസൽ ചെയ്യുന്ന വാഹനത്തിലെ ഇന്ധന ടാങ്ക് കാലിയാക്കി മാത്രമേ പാർസൽ ചെയ്യാവൂ എന്നതാണ് നിയമം. കാർഗോ വഴിയെത്തുന്ന വാഹനത്തിൽ ഇന്ധനം നിറക്കാനായി തള്ളിക്കൊണ്ട് പെട്രോൾ പമ്പുവരെ പോകുന്നതും പ്രാക്ടിക്കലായ കാര്യമല്ല.
പെട്രോൾ ഉപയോഗിച്ച് ഒരു അപകടമൊ അതിക്രമമോ നടന്നു കഴിഞ്ഞാൽ പിന്നെ ആ പെട്രോൾ കുപ്പിയിലും കന്നാസിലും കൊടുക്കാതിരിക്കുക എന്നത് എന്തു ബാലിശമായ തീരുമാനമാണ്? കത്തിയുപയോഗിച്ച് ഒരു കൊലപാതകം നടന്നാൽ പിന്നെ സമൂഹത്തിലെ മുഴുവനാളുകളും കത്തിയുപയോഗിക്കാൻ പാടില്ലെന്ന് നിയമം കൊണ്ടുവന്നാൽ എങ്ങനെയുണ്ടാകും?
സമൂഹത്തിൽ ഒരു അപകടമോ കൊലപാതകമൊ നടന്നാൽ ആ വ്യക്തിയോ വ്യക്തികളോ ചെയ്ത ബുദ്ധിശൂന്യതക്കോ തെമ്മാടിത്തരത്തിനോ ബാക്കിയുള്ള ലക്ഷക്കണക്കിന് മനുഷ്യർ അനുഭവിക്കണം എന്ന് ഒരു സർക്കാരോ സർക്കാർ സംവിധാനങ്ങളോ തീരുമാനിക്കുന്നതിലെ ഒചിത്യമാണ് ഇവിടെ വിഷയം.
കാട് വെട്ടുന്ന മെഷീൻ, ജനറേറ്റർ തുടങ്ങിയ കാർഷിക-ഗാർഹിക ആവശ്യങ്ങൾക്കുള്ള യന്ത്രങ്ങൾക്ക് പെട്രോൾ വാങ്ങാൻ എത്തുന്നവരും, വർക്ക്‌ഷോപ്പിൽ നിന്ന് ടാങ്ക് കാലിയാക്കി ഇറക്കുന്ന വാഹന ഉടമകളും, റെയിൽവേ/കാർഗോ വഴി ഇന്ധനം പൂർണ്ണമായി ഒഴുക്കിക്കളഞ്ഞ് പാർസൽ ചെയ്തെത്തിക്കുന്ന വാഹനങ്ങൾ വാങ്ങാൻ പോകുന്നവരും ഇതോടെ വഴിമുട്ടി. ഒരു കുപ്പി പെട്രോളിനായി കിലോമീറ്ററുകൾ വാഹനം തള്ളേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. സുരക്ഷ ഉറപ്പാക്കുമ്പോഴും അടിയന്തര സാഹചര്യങ്ങൾക്കായി പമ്പുകളിൽ തന്നെ കുറഞ്ഞ നിരക്കിൽ സ്റ്റാൻഡേർഡ് സുരക്ഷാ കന്നാസുകൾ ലഭ്യമാക്കണമെന്നും, നിയമം കൂടുതൽ ജനസൗഹൃദമാക്കണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.
അടിയന്തര സാഹചര്യങ്ങളിൽ അംഗീകൃത സുരക്ഷാ പാത്രങ്ങളിൽ ചെറിയ അളവിൽ ഇന്ധനം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തുക, എല്ലാ പെട്രോൾ പമ്പുകളിലും സ്റ്റാൻഡേർഡ് കന്നാസുകൾ ലഭ്യമാക്കുക, പ്രധാന റോഡുകളിലും ദേശീയപാതകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന പമ്പുകളുടെ എണ്ണം വർധിപ്പിക്കുക, ഇന്ധനം തീർന്ന് കുടുങ്ങുന്നവർക്ക് അടിയന്തര സഹായ സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെങ്കിലും, നിയമങ്ങളുടെ കർശന നടപ്പാക്കൽ സാധാരണ ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തെയും ദൈനംദിന ജീവിതത്തെയും പ്രതിസന്ധിയിലാക്കരുതെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. സുരക്ഷയും പ്രായോഗിക സൗകര്യവും ഒരുപോലെ ഉറപ്പാക്കുന്ന സമതുലിത സമീപനമാണ് ഇക്കാര്യത്തിൽ ആവശ്യമെന്ന വിലയിരുത്തലാണ് ഉയരുന്നത്.






