കൊച്ചി: കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോൾ പമ്പിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജീവനക്കാരെ മർദിച്ചതായി പരാതി. സംഭവത്തിൽ പമ്പ് ഉപകരണങ്ങൾക്കും വലിയ നാശനഷ്ടം ഉണ്ടായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം നടന്നത്. ഇന്ധനം നിറയ്ക്കാൻ എത്തിയ ‘വേടൻ’ എന്ന ബസ് അശ്രദ്ധമായി പിന്നോട്ട് എടുത്തപ്പോൾ ഡിസ്പെൻസർ മെഷീനിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്ത പമ്പ് ജീവനക്കാരെയാണ് സംഘം ചേർന്ന് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
സംഘം ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും, പമ്പിലെ സാധന സാമഗ്രികൾക്ക് കേട് വരുത്തിയതായും ആരോപണമുണ്ട്. വിവരമറിയിച്ച് പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തിയപ്പോൾ പോലും അക്രമികൾ പോലീസിനോട് കടുത്ത രീതിയിൽ പെരുമാറിയതായും പറയുന്നു. അക്രമികൾ ലഹരി ഉപയോഗിച്ചിരുന്നതായും സംശയിക്കുന്നു. ഡിസ്പെൻസർ മെഷീൻ തകർന്നതിനെ തുടർന്ന് ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പമ്പ് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.






