തൃശ്ശൂർ: എരുമപ്പെട്ടി മങ്ങാട് പള്ളിക്ക് സമീപം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ഓടെ നിയന്ത്രണം വിട്ട സെയിൽസ് പിക്കപ് വാൻ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് കൂടിയായ എരുമപ്പെട്ടി സ്വദേശി മാരാംപുറത്ത് നിഷാദ് (46), കോട്ടപ്പുറം സ്വദേശി വിനു എന്നിവർക്കാണ് പരിക്കേറ്റത്.
വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന സെയിൽസ് പിക്കപ് വാൻ നിയന്ത്രണം വിട്ട് എരുമപ്പെട്ടി മൾട്ടി പർപ്പസ് സൊസൈറ്റിയിലെ കളക്ഷൻ ഏജന്റായ നിഷാദ് സഞ്ചരിക്കാൻ തയ്യാറായിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. തൊട്ടടുത്ത കടയിൽ നിന്ന് കളക്ഷൻ എടുത്ത ശേഷം സ്കൂട്ടറിൽ കയറുന്നതിനിടെയായിരുന്നു അപകടം.തുടർന്ന് വിനു യാത്ര ചെയ്തിരുന്ന സ്കൂട്ടറിലും സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്കിലും പിക്കപ് വാൻ ഇടിച്ചു. പരിക്കേറ്റ നിഷാദിനെയും വിനുവിനെയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് സാരമുള്ളതല്ല.






