തിരുവനന്തപുരം: ആഴിമല കടൽത്തീരത്ത് സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണ് തീർഥാടക സംഘത്തിലെ ഒരാൾ മരിച്ചു. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ അനീഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട തീർഥാടകസംഘത്തിലെ അംഗമായിരുന്നു അനീഷ്. തമിഴ്നാട്ടിലെ തിരുച്ചെന്തൂർ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഞായറാഴ്ച ഉച്ചയ്ക്കുശേഷം സംഘം ആഴിമല ക്ഷേത്രത്തിലും എത്തിയിരുന്നു.
ക്ഷേത്രത്തിന്റെ പിന്നിലെ കടൽത്തീരത്തെ പാറപ്പുറത്ത് കയറി സെൽഫിയെടുക്കുന്നതിനിടെ ശക്തമായ തിരമാലയടിച്ച് അനീഷ് കടലിലേക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വിവരം ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞം പോലീസും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി. അപകടമേഖലയായതിനാൽ പാറപ്പുറത്ത് കയറരുതെന്ന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസെടുത്തു.
.




