കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും കൂടി ആകെ 1.06 കോടി രൂപയുടെ നിക്ഷേപം. ഇന്നലെ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണു സ്വത്തുവിവരം നൽകിയിട്ടുള്ളത്. പിണറായിക്ക് 45.35 ലക്ഷത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപം, 56.02 ലക്ഷത്തിന്റെ ഭൂസ്വത്ത്, കമലയ്ക്ക് 60.58 ലക്ഷത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപം, 36 ലക്ഷത്തിന്റെ ഭൂസ്വത്ത് എന്നിങ്ങനെയാണുള്ളത്. പിണറായിക്കെതിരെ 3 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
10,000 രൂപയാണു മുഖ്യമന്ത്രിയുടെ കയ്യിലുള്ളത്. കമലയുടെ കയ്യിൽ 5000 രൂപയും. പിണറായിക്ക് 78 സെന്റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവുമുണ്ട്. മലയാളം കമ്യൂണിക്കേഷനിൽ 10,000, 20,000 രൂപ വീതവും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പിണറായിക്ക് ഒരു ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 2 ലക്ഷത്തിന്റെയും ഓഹരികളുണ്ട്. കമലയ്ക്ക് 11.56 ലക്ഷത്തിന്റെ സ്വർണാഭരണമുണ്ട്.
എസ്ബിഐ തലശ്ശേരി ബ്രാഞ്ചിൽ 5,13,847 രൂപയും പിണറായി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിൽ 3 അക്കൗണ്ടുകളിലായി 6312, 1,81,822, 2000 രൂപ വീതവും സെക്രട്ടേറിയറ്റ് സബ് ട്രഷറിയിൽ 37,11,039 രൂപയും മുഖ്യമന്ത്രിക്ക് നിക്ഷേപമുണ്ട്.






