മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ . വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് നടക്കാനിരിക്കെയാണ് പ്രതിപക്ഷനേതാവിന്റെ പരിഹാസം . വിഴിഞ്ഞം പദ്ധതിയുടെ പേരിൽ യുഡിഎഫിനെതിരെ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ച പിണറായി വിജയൻ ഇപ്പോൾ വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുകയാണെന്നാണ് വി ഡി സതീശന്റെ പരിഹാസം. കടൽക്കൊള്ള , മത്സ്യബന്ധനത്തിന് മരണമണി, കടലിന് കണ്ണീരിൻ്റെ ഉപ്പ് തുടങ്ങിയ തലക്കെട്ടുകൾ നിരത്തിയതാണ് അന്നത്തെ ദേശാഭിമാനി.
ഇന്ന് ഇവരെല്ലാം ചേർന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാരാകുന്നു. തൊലിക്കട്ടി അപാരം! യുഡിഎഫ് സർക്കാരിന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും നിശ്ചയദാർഢ്യത്തിൻ്റേയും ഇച്ഛാശക്തിയുടേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.






