തിരുവനന്തപുരം: മുൻ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് ഫാമിലി പെൻഷൻ വാങ്ങുന്നുവെന്ന വ്യാജപ്രചാരണത്തിനെതിരെ മുൻ മന്ത്രിയും സിപിഐ(എം) നേതാവുമായ പി.കെ. ശ്രീമതി നിയമനടപടി ആരംഭിച്ചു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി. അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിൽ നിന്നുള്ള ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭർത്താവ് മരിച്ച് ഒരു വർഷം പോലും തികയാത്ത സാഹചര്യത്തിൽ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിച്ചത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്ന് പി.കെ. ശ്രീമതി പ്രതികരിച്ചു. ജനം ടിവി, കർമ്മ ന്യൂസ്, സുദിനം പത്രം, ഭാരത് ലൈവ് എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ കോടതിയെയും സമീപിക്കാനാണ് തീരുമാനം. പരാതി സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വ്യാജവാർത്തകൾക്കെതിരെ ശക്തമായി പ്രതികരിച്ച പി.കെ. ശ്രീമതി, പൊതുപ്രവർത്തകയായ തന്നെ അപമാനിക്കാനാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്ന് ആരോപിച്ചു. താൻ അധ്യാപികയായി സേവനമനുഷ്ഠിച്ച വ്യക്തിയാണെന്നും മരിച്ച ഭർത്താവിന്റെ അധ്യാപക പെൻഷനാണ് ലഭിക്കുന്നതെന്നും അവർ വ്യക്തമാക്കി. മറ്റൊരാളുടെ പെൻഷൻ തേടിപ്പോകേണ്ട സാഹചര്യമോ ആവശ്യകതയോ തനിക്കില്ലെന്നും അവർ പറഞ്ഞു.
ഇതിനിടെ, മുൻ എംഎൽഎ പി.ആർ. കൃഷ്ണന്റെ ഭാര്യയായി പി.കെ. ശ്രീമതി പെൻഷൻ വാങ്ങുന്നില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് ഔദ്യോഗികമായി വ്യക്തമാക്കി. പി.ആർ. കൃഷ്ണന്റെ ഭാര്യയുടെ പേരും പി.കെ. ശ്രീമതി തന്നെയാണെന്നും, പെൻഷൻ ലഭിക്കുന്നത് അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കാണെന്നും വിശദീകരിച്ചു. മുൻ മന്ത്രി എന്ന നിലയിൽ പി.കെ. ശ്രീമതി ടീച്ചർക്ക് പ്രത്യേകം പെൻഷൻ ലഭിക്കുന്നുണ്ടെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു.
അതേസമയം, പി.ആർ. കൃഷ്ണന്റെ മകൻ അജിത്തും രംഗത്തെത്തി, ഫാമിലി പെൻഷൻ വാങ്ങുന്നത് തന്റെ മാതാവായ പി.കെ. ശ്രീമതിയാണെന്നും മുൻ മന്ത്രി പി.കെ. ശ്രീമതിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.




