ഡല്‍ഹി: പിഎം ശ്രീ വിഷയത്തില്‍ വ്യക്തത വരുത്തുന്നതിന് ഉപസമിതി പരിശോധിക്കുമെന്നും തീരുമാനമാകും വരെ തുടര്‍ നടപടികള്‍ എല്ലാം മരവിപ്പിച്ചെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. പിഎം ശ്രീ വിഷയത്തില്‍ താന്‍ നേരിട്ട് ഇടപെട്ടത് അസ്വഭാവികമല്ലെന്നും സംസ്ഥാന നേതൃത്വത്തിന് വേണ്ട സഹായം നല്‍കുമെന്ന് അന്ന് താന്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി ദുര്‍ബലമാകും എന്നടക്കമുള്ള കാര്യങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണ്. എന്നാല്‍, കേരളത്തിലെ നേതൃത്വം വളരെ പക്വതയോടെ പ്രവര്‍ത്തിച്ചു. സിപിഐ നേതാക്കള്‍ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ്. ചില സാഹചര്യത്തില്‍ ചിലത് പറഞ്ഞു പോകും. അത് അങ്ങനെ തന്നെ ഇരു കൂട്ടരും കാണും. സംസ്ഥാന നേതൃത്വത്തിന് ജാഗ്രത കുറവുണ്ടായോ എന്ന് ഇപ്പോള്‍ പരിശോധിക്കേണ്ടതില്ല. നയം മാറ്റി എന്നൊക്കെ പറഞ്ഞവര്‍ തന്നെ അക്കാര്യം വിശദീകരിച്ചു കഴിഞ്ഞു. പോളിറ്റ് ബ്യൂറോ ഈ വിഷയം പരിശോധിച്ചിട്ടില്ലെന്നും പിബി കൂടാനിരിക്കുകയാണെന്നുമാണ് എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചത്.




