കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ പോക്സോ കേസ്. സംഭവത്തിനിടെ വീട്ടുകാരെ ആക്രമിച്ച് യുവാവിനെ മോചിപ്പിച്ച സുഹൃത്തുക്കൾ ഉൾപ്പെടെ ആറുപേർക്കെതിരെയും വീടുകയറി ആക്രമണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. താമരശ്ശേരിയിലാണ് സംഭവം.
അടിവാരം സ്വദേശി മിഷ്ബാഹുൽ അർധരാത്രിയോടെ പെൺകുട്ടിയുടെ മുറിയിലേക്ക് ഒളിച്ചുകയറിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വിവരം അറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്ന് പൂട്ടി. തുടർന്ന് മിഷ്ബാഹുൽ സുഹൃത്തുക്കളെ ഫോണിൽ വിവരമറിയിച്ചു.
ഇതോടെ സംഘമായെത്തിയ സുഹൃത്തുക്കൾ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ആക്രമിക്കുകയും മിഷ്ബാഹുലിനെ മോചിപ്പിച്ച് കടന്നുകളയുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാം വഴിയാണ് മിഷ്ബാഹുലും പെൺകുട്ടിയും പരിചയത്തിലായതെന്നും പിന്നീട് ഇരുവരും അടുപ്പത്തിലായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോക്സോ നിയമപ്രകാരവും വീടുകയറി ആക്രമിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



