ലഖ്‌നൗ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യഷ് ദയാലിനെതിരെ കേസെടുത്തു പൊലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഉജ്വല സിംഗിന്റെ പരാതിയിലാണ് നടപടി. പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസിന് ജൂലൈ 21 വരെയാണ് സമയം നല്‍കിയിരിക്കുന്നത്.
അന്വേഷണത്തില്‍ താരത്തിനെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയതിനാലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഗാസിയാബാദിലെ ഇന്ദിരാപുരം സര്‍ക്കിള്‍ ഓഫീസറില്‍ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടരന്വേഷണവും നടപടി ക്രമങ്ങളും തുടരുമെന്നും പൊലീസ് വ്യക്തമാക്കി.
27കാരനായ യഷ് ദയാലും താനും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നു. ഈ കാലയളവിൽ വിവാഹവാഗ്ദാനം നല്‍കി യഷ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും ഉപയോഗിച്ചുവെന്നും പരാതിക്കാരി വ്യക്തമാക്കി.
മറ്റ് സ്ത്രീകളുമായി യഷിന് ബന്ധമുണ്ടായിരുന്നു എന്നും താരം തന്നില്‍ നിന്ന് പലപ്പോഴായി പണം വാങ്ങിയിട്ടുണ്ടെന്നും മുമ്പ് മറ്റ് സ്ത്രീകളോടും യഷ് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ആരോപണങ്ങള്‍ തെളിയിക്കുന്ന ചാറ്റുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, വിഡിയോ കോളുകള്‍, ഫോട്ടോകള്‍ എന്നിവയൊക്കെ യുവതി സമര്‍പ്പിച്ചു.




