ചെന്നൈ : തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. തിരിപ്പൂര്‍ സ്വദേശിയായ മണികണ്ഠന്‍ എന്നയാളാണ് മരിച്ചത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ചുവെന്നും വെടിയുതിര്‍ക്കേണ്ടി വന്നുവെന്നുമാണ് പൊലീസിന്റെ വാദം. ഒരു പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ് ഐ യെ വെടിവെച്ച കേസില്‍ മറ്റ് രണ്ട് പ്രതികള്‍ ഇന്നലെ കീഴടങ്ങിയിരുന്നു.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് സ്‌പെഷ്യല്‍ എസ്ഐ ഷണ്മുഖസുന്ദരം കൊല്ലപ്പെട്ടത്. എംഎല്‍എയുടെ ഫാംഹൗസില്‍ നടന്ന കുടുംബ തര്‍ക്കം അന്വേഷിക്കാനെത്തിയതായിരുന്നു തമിഴ്‌നാട് പൊലീസ് സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷണ്മുഖ സുന്ദരം. എഐഎഡിഎംകെ എംഎല്‍എ സി മഹേന്ദ്രന്റെ ഉടമസ്ഥതയില്‍ തിരുപ്പൂര്‍ ജില്ലയിലെ ഗുഡിമംഗലത്തുള്ള ഫാമില്‍ വെച്ചാണ് ചൊവ്വാഴ്ച രാത്രി കൊലപാതകമുണ്ടായത്. ഗുഡിമംഗലത്തിനടുത്തുള്ള മൂങ്ങില്‍തൊഴുവില്‍ താമസിക്കുന്ന മൂര്‍ത്തി, മക്കളായ മണികണ്ഠന്‍, തങ്കപാണ്ടി എന്നിവരാണ് പ്രതികള്‍.






