കൊച്ചി:പാലക്കാട് പൊല്‍പുള്ളിയില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ അമ്മയും മകളും മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ . ഇരുവരും കണ്ണു തുറന്നു. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അമ്മ എല്‍സി മാര്‍ട്ടിനും, മകള്‍ അലീനയുമാണ് ് ചികിത്സയില്‍ ഉള്ളത്. എല്‍സി മാര്‍ട്ടിന് 45 ശതമാനം പൊള്ളലും അലീനക്ക് 35 ശതമാനം പൊള്ളലുമാണ് സംഭവച്ചിട്ടുള്ളത്. എല്‍സിയുടെ മകന്‍ ആല്‍ഫിന്‍, മകള്‍ എമി എന്നിവര്‍ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എല്‍സിക്കു ബോധം വന്നതിന് ശേഷമായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ എന്ന് ബന്ധുക്കള്‍ അറിയിച്ചത്. അപകടത്തില്‍ കുട്ടികളുടെ മുത്തശ്ശി ഡെയ്‌സിക്കും പൊള്ളലേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണു അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ എല്‍സി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തിറങ്ങാനായി കാറില്‍ കയറി വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തീ പിടിക്കുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നര മാസം മുന്‍പാണ് അസുഖബാധിതനായി മരിച്ചത്.



