തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം അടച്ചു. ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴയാണ് തുടരുന്നത്. സാധാരണയായി രാവിലെ 8 മണി മുതൽ വൈകുന്നരേം 4 മണി വരെയാണ് പൊന്മുടിയിലേയ്ക്ക് പ്രവേശനം അനുവദിക്കാറുള്ളത്. മഴ ശക്തമായി കഴിഞ്ഞാൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യതയും ഏറെയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പൊന്മുടിയിലേയ്ക്കുള്ള പ്രവേശനം താത്ക്കാലികമായി നിര്‍ത്തിവെക്കുന്നത്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏർപെടുത്തിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദവും തെക്കൻ കർണാടകയ്ക്ക് മുകളിൽ ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടാനും സാധ്യതയുണ്ട്.




