കൊല്ലം: ചാത്തന്നൂര്‍ നിയമസഭാ സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നല്‍കുന്നതില്‍ കോണ്‍ഗ്രസിനകത്ത് ശക്തമായ എതിര്‍പ്പ്. രാജി ഭീഷണിയുമായി ചാത്തന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയിലെ നേതാക്കള്‍ രംഗത്തെത്തി. മണ്ഡലത്തില്‍ സേവ് കോണ്‍ഗ്രസ് ചാത്തന്നൂര്‍ എന്ന പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കൈപ്പത്തി ചിഹ്ന്‌നത്തില്‍ വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം അവസരം നല്‍കണമെന്നാണ് പോസ്റ്ററിലെ ആവശ്യം.
അതിന് പിന്നാലെ പഞ്ചായത്തുകളിലെ സ്ഥാനങ്ങള്‍ അടക്കം രാജിവെക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. ഫോര്‍വേര്‍ഡ് ബ്ലോക്കിന് സീറ്റ് നല്‍കിയാല്‍ യുഡിഎഫിലേക്ക് എത്തേണ്ട ഇടതുവിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി ചാത്തന്നൂരില്‍ അക്കൗണ്ട് തുറക്കുമെന്നും മുന്നറിയിപ്പുണ്ട്. കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനോ സീറ്റ് നല്‍കണമെന്നാണ് ആവശ്യം.






