കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ പിണറായി വിജയൻ ഒൻപത് വർഷം പൂർത്തിയാക്കപെട്ടിരിക്കുന്നു. ഒരു ഭരണാധികാരി എങ്ങനെ നാടിൻറെ ക്യാപ്റ്റനും പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ നേരിടുന്നുവെന്നും കോവിഡും ഓഖിയും പ്രളയവും ഉൾപ്പെടെ സമാനതകളില്ലാത്ത സാഹചര്യങ്ങളിൽ കേരളം കണ്ടു.
തുടർച്ചയായി രണ്ട് സർക്കാരുകളെ നയിക്കാനുള്ള അപൂർവ അവസരം ലഭിച്ച പിണറായി മൂന്നാം തുടർ ഭരണത്തിന് നേതൃത്വം നൽകുമോ എന്നതിലാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. ഇടതുചേരിയിൽ പകരക്കാരനില്ലാത്ത നേതാവായി പിണറായി തലയെടുപ്പോടെ നിൽക്കുമ്പോൾ എതിർപക്ഷത്ത് തലപ്പൊക്കമില്ലാത്ത നേതാക്കൾ തമ്മിൽ കിട്ടുമോ എന്നൊരുറപ്പുമില്ലാത്ത മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി തമ്മിൽത്തല്ലുന്ന കാഴ്ചയാണ്.
വികസന പ്രവർത്തനങ്ങളിലൂടെ കേരളത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ഭരണാധികാരിഎന്ന നിലയിലാണ് മലയാളികൾ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ വിലയിരുത്തുന്നത്. മുൻ സർക്കാരുകൾ മടിച്ചു നിന്നതോ പാതി മനസോടെ സമീപിച്ചതോ ആയ പല പദ്ധതികളും യാഥാർഥ്യമാക്കുന്നതിൽ അസാമാന്യ ഇച്ഛാശക്തി പിണറായി വിജയൻ കാണിച്ചിട്ടുണ്ട്. ദേശീയപാത 66 വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ പണം നൽകേണ്ടി വന്ന ഏക സംസ്ഥാനം കേരളമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ചെയ്യേണ്ടത് ചെയ്യാത്തത് കാരണം ഖജനാവിൽ നിന്ന് ചെലവഴിക്കേണ്ടി വന്നത് 6,000 കോടിയോളം രൂപയാണ്.
ആ പണം തുടർന്ന് അധികാരത്തിലേറിയ പിണറായി സർക്കാർ മുടക്കിയതു കൊണ്ടു മാത്രമാണ് ദേശീയപാത വികസനം യാഥാർഥ്യമായത്. കിഫ്ബിയിൽ നിന്നെടുത്ത ഈ പണം കേന്ദ്രം കടമെടുപ്പ് പദ്ധതിയിൽ പെടുത്തിയപ്പോൾ ഫലത്തിൽ സംസ്ഥാനത്തിന് ബാധ്യതയായത് 12,000 കോടി രൂപയാണ്.
യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, ഇടമൺ- കൊച്ചി പവർ ഹൈവേ, പുതുവൈപ്പിൻ എൽപിജി ടെർമിനൽ എന്നിവ യാഥാർഥ്യമായതിനു പിന്നിലും സർക്കാരിൻറെയും അതിനെ നയിച്ച മുഖ്യമന്ത്രിയുടെയും കാഴ്ചപ്പാടിന് കൈയടിക്കേണ്ടിവരും. യുഡിഎഫ് സർക്കാരിൻറെ കാലത്ത് കല്ലിട്ട വിഴിഞ്ഞം പദ്ധതി ഇപ്പോഴത്തെ വികസനക്കുതിപ്പിലേക്ക് എത്തിച്ചതിനു പിന്നിലും മുഖ്യമന്ത്രിയുടെ ഇടപെടലുകളുണ്ട്.
ഇതിനർഥം സർക്കാർ സമ്പൂർണ വിജയം മാത്രമാണ് എന്നല്ല. പൊലീസിൻറെ പല നടപടികളും ജനങ്ങളെ സർക്കാരിന് എതിരാക്കി. ജനങ്ങളെ ആട്ടിയോടിക്കുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ സന്നാഹവും വലിയ തോതിൽ വിമർശിക്കപ്പെട്ടു. വന്യമൃഗ ആക്രമണം തടയുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വനം വകുപ്പ് പൂർണപരാജയമായി. മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വളഞ്ഞിട്ട് ആക്രമിച്ച രാഷ്ട്രീയ നേതാവ് കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് ഉൾപ്പെടെ കേരളത്തിൽ ഏറ്റവും രൂക്ഷമായ ആരോപണത്തിനിരയായ മുഖ്യമന്ത്രിയാണെങ്കിലും അതിലൊന്നു പോലും ഇതുവരെയും തെളിയിക്കപ്പെട്ടില്ല.
കേന്ദ്ര ഏജൻസികൾ വല്ലാതെ കുരുക്കു മുറുക്കുമെന്ന പ്രതീതിയുണർത്തിയ കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് സംസ്ഥാനത്ത് മികച്ച വിജയം എൽഡിഎഫിന് സമ്മാനിച്ചതെന്നതും മറക്കാനാവില്ല. കർക്കശക്കാരൻ ആണ് മുഖ്യൻ എന്ന് പലരും പറയുന്നുണ്ടെങ്കിലും വ്യക്തിപരമായി പിണറായി കാട്ടുന്ന സ്നേഹം ഉമ്മൻചാണ്ടി മുതൽ ഉമ തോമസ് വരെയുള്ളവർ തുറന്നുപറഞ്ഞിട്ടുണ്ട്.പിതാവ് രോഗാവസ്ഥയിലായപ്പോൾ, മുഖ്യമന്ത്രി കാണിച്ച ശ്രദ്ധയും കരുതലും ഏറെയായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പലതവണ ചൂണ്ടിക്കാട്ടി. എം.പി. വീരേന്ദ്രകുമാറിൻറെ ആരോഗ്യം മോശമായഘട്ടത്തിൽ നേരിട്ടും ഫോൺ വഴിയും അദ്ദേഹം കാര്യങ്ങൾ തിരക്കിയത് മകൻ എം.വി. ശ്രേയാംസ് കുമാർ രേഖപ്പെടുത്തി.
കഥാകൃത്ത് ടി. പത്മനാഭൻ വർഷങ്ങൾക്കു മുൻപ് അസുഖബാധിതനായി ആശുപത്രിയിലായപ്പോൾ സഹായത്തിന് വിശ്വസ്തനായ ഒരാളെ മാസങ്ങളോളം പിണറായി അവിടെ നിയോഗിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻറെ ചികിത്സാ കാര്യത്തിലും സമാനമായിരുന്നു അനുഭവം. ഇതിനിടെ, ജനകീയ എംഎൽഎ എന്ന പേരെടുത്ത എ. പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും തുണയായി എത്തിയിട്ടുണ്ട്.
ഒരു കാലത്ത് പിണറായിയുടെ ഏറ്റവും വലിയ വിമർശകനായിരുന്നു അദ്ദേഹം. ഒരിക്കൽ തന്നെ എതിർത്തവരുടെ വരെ അംഗീകാരം ഉറപ്പുവരുത്തുവാൻ സഖാവ് പിണറായി വിജയന് കഴിഞ്ഞു എന്നതാണ് മറ്റൊരു സവിശേഷത.






