ബുക്കാറസ്റ്റ്: സൂപ്പര്‍ബെറ്റ് ക്ലാസിക്ക് ചെസ് കിരീടം ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദയ്ക്ക്. കരിയറില്‍ ആദ്യമായി താരം ഗ്രാന്‍ഡ് ചെസ് ടൂര്‍ പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കി. ടൈബ്രേക്കറിലെ ആവേശപ്പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ മാക്സിം വാഷിര്‍ ലാഗ്രേവിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം.
ഒന്‍പതാം റൗണ്ടില്‍ പ്രഗ്‌നാനന്ദ അമേരിക്കയുടെ ലെവോണ്‍ ആരോണിയനുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. പ്രഗ്‌നാനന്ദയ്ക്കൊപ്പം ഫ്രാന്‍സിന്റെ തന്നെ അലിരെസ ഫിറൗജ, മാക്സിം വാഷിര്‍ ലഗ്രേവ് എന്നിവര്‍ക്കും 5.5 പോയിന്റായി. ഇതോടെയാണ് വിജയികളെ നിര്‍ണയിക്കാന്‍ ടൈബ്രേക്കര്‍ വേണ്ടി വന്നത്.
അവസാനം ബ്ലിറ്റ്സില്‍ 1.5 പോയിന്റുകള്‍ നേടിയാണ് പ്രഗ്‌നാനന്ദ വിജയവും കിരീടം ഉറപ്പിച്ചത്. പ്രഗ്‌നാനന്ദ- അലിരെസ പോരാട്ടം സമനിലയില്‍ അവസാനിച്ചു. അലിരെസ- ലഗ്രേവ് പോരാട്ടവും ഒപ്പത്തിനൊപ്പം. ഇതോടെ പ്രഗ്‌ന- ലഗ്രേവ് മത്സരം നിര്‍ണായകമായി. ഈ പോരാട്ടത്തില്‍ താരം ലഗ്രേവിനെ വീഴ്ത്തുകയും ചെയ്തു. അതേസമയം മറ്റൊരു ഇന്ത്യന്‍ താരവും ലോക ചാംപ്യനുമായ ഡി ഗുകേഷിനു ടൂര്‍ണമെന്റ് മികച്ചതായില്ല. താരത്തിനു 4 പോയിന്റ് മാത്രം.






