കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതില്‍ ജോലി സംബന്ധമായ ആശങ്കയ്‌ക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും സമ്മര്‍ദമുണ്ടായെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്.
വീടുകളിലേക്ക് എന്യൂമറേഷന്‍ ഫോമുമായി പോകുന്നതിനു മൂന്ന് പ്രധാന മുന്നണികളുടെയും നേതാക്കള്‍ അനീഷിനെ സമ്മര്‍ദത്തിലാക്കിയിരുന്നതായി പറയപ്പെടുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്ന സമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ചിന്തയും ജീവനൊടുക്കാന്‍ കാരണമായെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അനീഷിന് യാതൊരു സമ്മര്‍ദവുമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നാളെ വൈകുന്നേരത്തിനു മുന്‍പ് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ഡോ.രത്തന്‍ യു. കേല്‍ക്കര്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.






