കോട്ടയം : ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി പൂർത്തിയായി. ജില്ലയിൽ വാഴൂരുള്ള ഗവ. പ്രസിൽ അതീവ സുരക്ഷയിലാണ് അച്ചടി പുരോഗമിക്കുന്നത്. പൊലീസ് സുരക്ഷയിൽ പ്രസിലെ എഴുപതു ജീവനക്കാർ കഴിഞ്ഞ ഏതാനും ദിവസമായി ഇരുപതിനാലു മണിക്കൂർ ജോലി ചെയ്താണ് ഇതു സാധ്യമായത്.
ബാലറ്റ് അച്ചടി നടക്കുന്നിടത്ത് ഫോൺ ഉപയോഗിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ജീവനക്കാർക്ക് സാധ്യമല്ല. കനത്ത കാവലിനു പൊലീസും നിരീക്ഷണത്തിനു തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമുണ്ട്. ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടിയാണ് പൂർത്തിയാകാനുള്ളത്.
പ്രസ്സിൽ അച്ചടി പൂർത്തിയായ ബാലറ്റ് പേപ്പറുകൾ എഡിഎം എസ്.ശ്രീജിത്ത് ഏറ്റുവാങ്ങി. വാഴൂർ ഗവ. പ്രസ് ജീവനക്കാരായ എസ്.ബിനു, ആർ.അജികുമാർ, കെ.സുൾഫിക്കർ എന്നിവർക്കാണ് അച്ചടിയുടെ ചുമതല.










