പൃഥ്വി ഷാ എന്ന പേര് ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. ഡൽഹി ക്യാപിറ്റൽസിൽ ഓപെനിംഗിന് ഇറങ്ങി തകർപ്പൻ ഷോട്ടുകൾ അടിക്കുന്ന പയ്യന്റെ മുഖവും മറന്നു കാണാനും വഴിയില്ല. ഒരിടവേളയ്ക്ക് ശേഷം ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പൃഥ്വി ഷാ. ഏഴ് സീസണുകൾ ടീമിനൊപ്പം ഉണ്ടായിരുന്ന താരത്തെ ഐപിഎൽ 2025ന്റെ ലേലത്തിന് മുൻപ് ക്ലബ് ഒഴിവാക്കുക ആയിരുന്നു. തുടർന്ന് നടന്ന ലേലത്തിൽ താരത്തെ സ്വന്തമാക്കാൻ ക്ലബ്ബുകൾ തയ്യറായില്ല. ഏറ്റവും ഒടുവിൽ ആക്സിലറേറ്റഡ് റൗണ്ടിൽ 11 കളിക്കാരിൽ ഒരാളായി ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 75 ലക്ഷം രൂപയ്ക്ക് ഡൽഹി തന്നെ അദ്ദേഹത്തെ തിരികെ സ്വന്തമാക്കുകയും ചെയ്തു. താരത്തിന്റെ ഈ മടങ്ങി വരവ് ആരാധകരും ആഘോഷമാക്കിയിരിക്കുകയാണ് .
“ഫിറോഷ് ഷാ കോട്ല സ്റ്റേഡിയത്തെ എനിക്ക് മറക്കാൻ കഴിയില്ല. ഇവിടെയുള്ള ശബ്ദവും നിശ്ശബ്ദതയും എനിക്കറിയാം. ചില കഥകൾ അവസാനിക്കുന്നില്ല. അവ വീണ്ടും തിരികെ വരും. ഡൽഹി, നിങ്ങളുടെ ആ പഴയ പയ്യൻ തിരിച്ചെത്തിയിരിക്കുന്നു” ക്ലബ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച വിഡിയോയിൽ പൃഥ്വി ഷാ പറഞ്ഞു. പൃഥ്വി ഷായുടെ കരിയറിൽ നിർണായക പങ്ക് വഹിച്ച ക്ലബ്ബാണ് ഡൽഹി ക്യാപിറ്റൽസ്. 2018-ൽ ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് വിജയത്തിന് പിന്നാലെ താരം ഐപിഎലിൽ എത്തിയിരുന്നു. അന്ന് 1.2 കോടി രൂപയ്ക്ക് ഡൽഹി അദ്ദേഹത്തെ സ്വന്തമാക്കി. പൃഥ്വി ഷാ എന്ന പേര് ഇനിയും തെളിഞ്ഞു കാണാം ഐപിൽ സ്കോർ ബോർഡിൽ .






