കോട്ടയം: കെഎസ്ആർടിസി.യുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസുകൾക്ക് വലിയ വരുമാന നഷ്ടമുണ്ടാകുന്നതായി ബസുടമകൾ. ഒരു ബസിന് പ്രതിദിനം ഏകദേശം 3,000 രൂപ വരെ നഷ്ടമുണ്ടാകുന്നതായും, ഇത് പ്രതിമാസം 90,000 രൂപ വരെ എത്തുന്നതായും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.
കോവിഡ് കാലത്തിന് മുമ്പ് കേരളത്തിൽ 33,000 സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ അത് 12,000 ആയി കുറഞ്ഞതായി സംഘടന പറയുന്നു. തുടർച്ചയായ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനെ എതിർക്കുന്നില്ലെന്നും, എന്നാൽ സ്വകാര്യ ബസുകൾക്കും സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുത്ത് കിലോമീറ്ററിന് 55 രൂപ നൽകുന്ന രീതിയിലോ, അല്ലെങ്കിൽ പ്രിയദർശിനി പദ്ധതിയുടെ ആനുകൂല്യം സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിച്ച് യാത്രക്കാരുടെ നിരക്ക് സർക്കാർ തിരിച്ചുനൽകുന്ന രീതിയിലോ പദ്ധതി നടപ്പാക്കാമെന്നാണ് ബസുടമകളുടെ നിർദേശം.
നിലവിൽ ലഭിക്കുന്ന നികുതി ഇളവ് മാത്രം കൊണ്ട് നഷ്ടം നികത്താനാകില്ലെന്നും ബസുടമകൾ പറയുന്നു. ഈ വിഷയത്തിൽ വിവിധ നിർദേശങ്ങൾ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്ക് കൈമാറിയിട്ടുണ്ടെന്നും, ഉടൻ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സംഘടന അറിയിച്ചു.




