മലപ്പുറം: പ്രോജക്ട് പറവ സോഷ്യൽ ഇമ്പാക്ട് ഫൗണ്ടേഷൻ” എന്ന സാമൂഹ്യ സംഘടനയ്ക്ക് താനൂരിൽ ഔദ്യോഗിക തുടക്കം കുറിച്ചു. സംഘടനയുടെ ആദ്യ പ്രവർത്തനമായി, മലബാർ ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലുമായി ചേർന്ന് താനൂർ കാരാട് ഡിവിഷനിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെ നടന്ന ക്യാമ്പിൽ ഏകദേശം 300-ലധികം പേർ പങ്കെടുത്തു.
ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ 24-ാം ഡിവിഷൻ കൗൺസിലർ ഒ.കെ. ബേബി ശങ്കർ നിർവഹിച്ചു. പരിപാടിയിൽ പ്രോജക്ട് പറവയുടെ സ്ഥാപകയും പ്രോഗ്രാം ഡയറക്ടറുമായ ജെഫി ജാൻ അദ്യക്ഷത വഹിച്ചു. ഡയറക്ടർ ജെബ്ബി ജാൻ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല മുൻ എച് ഒ ഡി വേൾഡ് ലാഫ്റ്റർ ക്ലബ് ലൈഫ് മെമ്പറും, യോഗ ഇൻസ്ട്രക്ടറുമായ എ.പി.എ റഹ്മാൻ ഫെലിസിറ്റേഷൻ നടത്തി.
ഇതോടൊപ്പം പ്രമുഖ സാമൂഹ്യ പ്രവർത്തകരായ മുനീർ പി.എം, എൻ.പി അഷ്‌റഫ്, അഡ്വ. സുനിൽ, ഷാഫി ചിറക്കൽ എന്നിവർ സംസാരിച്ചു.ക്യാമ്പിൽ മലബാർ ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സി ഇ ഒ ബിൻഷാ വിപിൻ കണ്ണിന്റെ കാഴ്ച്ച പരിമിതികളെ പറ്റി ക്ലാസെടുത്തു. ഡോ. ആതിരയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. കണ്ണുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങൾ പരിശോധിക്കുകയും, ആവശ്യമായ രോഗികൾക്ക് തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ക്യാമ്പിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് സി.കെ.എം അഷ്‌റഫ്, ബാബു ജാൻ, അമീർ,എൻ.എൻ. അലി, ഡോ. സഫാജെബി എന്നിവർ നേതൃത്വം നൽകി. സന്നദ്ധ പ്രവർത്തകരുടെ സജീവ പങ്കാളിത്തവും നാട്ടുകാരുടെ സഹകരണവും ക്യാമ്പ് വിജയകരമാക്കുന്നതിൽ നിർണായകമായി.ക്യാമ്പിൽ പങ്കെടുത്ത നാട്ടുകാർക്കും സന്നദ്ധ പ്രവർത്തകർക്കും മെഡിക്കൽ സംഘത്തിനും പ്രോജക്ട് പറവ നന്ദി രേഖപ്പെടുത്തി.



