കണ്ണൂർ: ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാനുള്ളതാണെന്നും താൻ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ കുറിച്ചിട്ടുണ്ടെന്നും വിമർശനങ്ങൾ ഉണ്ടാകണമെന്നും അവ തിരുത്തി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അഴിമതിക്ക് പിന്നാലെ പോകാത്ത സർക്കാരായിരിക്കും അധികാരത്തിലുണ്ടാകുകയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഭരണത്തിന്റെ പത്രാസിന് പിന്നാലെ പോകാത്ത സർക്കാർ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയ രീതിയിലല്ല, പുതിയ രീതിയിലായിരിക്കും മാറ്റം. വിമർശനത്തിന് ആരും അതീതരല്ലെന്നും വിമർശനങ്ങൾ ഉൾക്കൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊളിഞ്ഞുപോകുമെന്ന് പറഞ്ഞിരുന്ന പ്രിയദർശിനി പദ്ധതി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സർക്കാരിന്റെ സൗജന്യമായി കാണേണ്ടതല്ലെന്നും സ്ത്രീകളോടുള്ള ആദരവിന്റെ ഭാഗമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷം ജനങ്ങൾ അനുഭവിച്ച വേദനയും ദുഃഖവും മറക്കില്ലെന്നും എന്നാൽ ആരെയും വേട്ടയാടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.




