കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ കേസിൽ അറസ്റ്റിലായ കെഎസ്യു പ്രവർത്തകർ ജയിൽ മോചിതരായി. കോടതിയിൽ നിന്നുള്ള റിലീസ് ഓർഡർ കണ്ണൂർ സബ് ജയിലിൽ എത്തിച്ചതോടെയാണ് നേതാക്കൾ പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് പ്രവർത്തകർക്ക് സംഘടന വൻ സ്വീകരണം നൽകി.
തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെ അഞ്ച് പേർക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രവർത്തകരുടെ കയ്യിൽ കരിങ്കൊടി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റ് ആയുധങ്ങൾ കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചു. ഓരോ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകണം, മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുത് തുടങ്ങിയ നിബന്ധനകളോടെയാണ് 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ ജാമ്യം അനുവദിച്ചത്.
കണ്ണൂരിൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. തുടർന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, വി.വി. അക്ഷയ്, ബിതുല്‍ ബാലന്, സി.എച്ച്. മുബാസ്, അഹമ്മദ് യാസീന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഒരു ദിവസം ഐസിയുവിൽ ചികിത്സ നൽകിയ ശേഷമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.






