തിരുവനന്തപുരം: പിഎസ്സി നിയമനം ലഭിക്കാത്ത വിഷയത്തിൽ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തിയിരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നേതാവ് വളര്‍മതിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി. സമരക്കാരും എബിവിപി പ്രവര്‍ത്തകരും പൊലീസിനെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വളര്‍മതിയുടെ രക്തസമ്മര്‍ദം കുറഞ്ഞുവെന്നും ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് അവര്‍ നിരാഹാരസമരം തുടർന്നതോടെയാണ് പൊലീസ് നീക്കം.
ഇന്ന് ഉച്ചയോടെ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ സമരപ്പന്തലില്‍ എത്തി വളര്‍മതിയെ സ്‌ട്രച്ചറില്‍ എടുത്ത് ആംബുലന്‍സിലേക്കു മാറ്റുകയായിരുന്നു. പ്രതിഷേധക്കാരും സമീപത്ത് PSC സമരം നടത്തിയിരുന്ന എബിവിപിക്കാരും പൊലീസിന്റെ ശ്രമം തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി പൊലീസ് വളര്‍മതിയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇന്ന് രാവിലെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എത്തി വളര്‍മതിയെ പരിശോധിച്ചിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വളര്‍മതിയുടെ ജീവനു ഭീഷണിയുള്ളതുകൊണ്ടാണ് അവരെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുന്നതെന്നു പൊലീസ് അറിയിച്ചു.


