കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ മഹാരാജാസ് കോളേജിൽ നടന്ന എസ്എഫ്ഐ പ്രതിഷേധം രാഷ്ട്രീയ വിവാദത്തിലേക്ക്. പ്രതിഷേധത്തെ അനുകൂലിച്ചും വിമർശിച്ചും ഇടത്-യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയതോടെ സംഭവത്തിൽ രാഷ്ട്രീയപ്പോര് ശക്തമായി. കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് മന്ത്രി വേദി വിട്ടുപോയിരുന്നു.
എസ്എഫ്ഐയുടെ പ്രതിഷേധം ജനാധിപത്യപരമായിരുന്നുവെന്നും സമരം അതിരുകടന്നിട്ടില്ലെന്നുമാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചത്. എസ്എഫ്ഐ വിരുദ്ധ നിലപാടിന്റെ ഭാഗമായി മന്ത്രി നുണകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാലടി സർവകലാശാലയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ വൈസ് ചാൻസലർ സിസ തോമസിനെതിരെ നടന്ന പ്രതിഷേധത്തെ തെറ്റായി ചിത്രീകരിച്ചെന്നും സഞ്ജീവ് കുറ്റപ്പെടുത്തി. 25 ദിവസമായി സമരം ചെയ്തിട്ടും വിദ്യാർഥികളുമായി ചർച്ച നടത്താൻ മന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. എഫ്ഐആർ പോലുമില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ 16 വിദ്യാർഥികൾ 60 ദിവസമായി സസ്പെൻഷനിലാണെന്നും സഞ്ജീവ് പറഞ്ഞു.
വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അവിടെ സംഘർഷമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണെന്നും വിദ്യാർഥികൾക്കെതിരെ കേസെടുക്കാൻ സർക്കാർ വലിയ ജാഗ്രത കാണിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
എന്നാൽ എസ്എഫ്ഐയെ പിന്തുണയ്ക്കുകയല്ല, തിരുത്തുകയാണ് സിപിഎം ചെയ്യേണ്ടതെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. മന്ത്രി റോജി എം ജോൺ സ്വീകരിച്ചത് പക്വമായ സമീപനമാണെന്നും പരിപാടി അലങ്കോലപ്പെടുത്തുകയായിരുന്നു എസ്എഫ്ഐയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിക്ക് മറുപടി പറയാൻ തയ്യാറായിരുന്നെങ്കിലും പ്രതിഷേധക്കാർക്ക് ചോദ്യങ്ങൾ ചോദിക്കാനായിരുന്നില്ല താൽപര്യമെന്നും ഷാഫി പറഞ്ഞു.
എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം അനുവദിക്കില്ലെന്ന് മന്ത്രി കെ.എം. ഷാജിയും പ്രതികരിച്ചു. ഭരണം നഷ്ടപ്പെട്ടതിന്റെ നിരാശയാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വിദ്യാർഥികൾക്കിടയിൽ അക്രമം പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് എസ്എഫ്ഐയെന്നും ഷാജി വിമർശിച്ചു.
പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസും രംഗത്തെത്തി. കോൺവൊക്കേഷൻ ചടങ്ങിനിടെ നടന്നത് പ്രതിഷേധത്തിന്റെ പേരിലുള്ള തോന്നിവാസമാണെന്നും വിദ്യാർഥി സംഘടനകൾക്ക് ചേർന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർക്കെതിരായ അക്രമങ്ങൾ കണ്ടുനിൽക്കില്ലെന്നും ക്യാമ്പസുകളിലെ അക്രമങ്ങൾ പരിധി ലംഘിച്ചെന്നും ഷമ്മാസ് പ്രതികരിച്ചു.
അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കെഎസ്യു പ്രിൻസിപ്പലിന് പരാതി നൽകി. പരിപാടി അലങ്കോലപ്പെടുത്തുകയാണ് എസ്എഫ്ഐ പ്രവർത്തകർ ചെയ്തതെന്നാണ് കെഎസ്യുവിന്റെ ആരോപണം. പ്രതിഷേധക്കാരോട് മുന്നോട്ട് കയറിനിൽക്കാൻ ചില അധ്യാപകർ ആംഗ്യം കാണിച്ചെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ അധ്യാപകർക്കെതിരെയും അന്വേഷണം വേണമെന്ന് കെഎസ്യു വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
എന്തായിരുന്നു മഹാരാജാസിൽ സംഭവിച്ചത്?
ബിരുദദാന ചടങ്ങിൽ മന്ത്രി റോജി എം ജോൺ പ്രസംഗിക്കുന്നതിനിടെയാണ് കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് സദസ്സിൽനിന്ന് ചോദ്യങ്ങൾ ഉയർന്നത്. യൂണിയൻ വൈസ് ചെയർപേഴ്സൺ നഫീസത്തുല് മിസ്രിയ വേദിയിലെത്തി മന്ത്രിയോട് ചോദ്യങ്ങൾ ആവർത്തിച്ചു. ഇതിന് പിന്നാലെ സസ്പെൻഷനെതിരായ ബാനറുകളുമായി എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. സുരക്ഷാ ജീവനക്കാർ മിസ്രിയയെ മാറ്റാൻ ശ്രമിച്ചതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് ചടങ്ങ് തുടരാനാകാത്ത സാഹചര്യത്തിൽ മന്ത്രി വേദി വിട്ടു.
സംഭവം ക്യാമ്പസ് രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും പുതിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. വിദ്യാർഥികളുടെ പ്രതിഷേധാവകാശവും ചടങ്ങിന്റെ അച്ചടക്കവും സംബന്ധിച്ച ചർച്ചകളും ഇതോടെ സജീവമായി.



