കോയമ്പത്തൂർ: തേനിക്ക് പിന്നാലെ കോയമ്പത്തൂർ സെൻട്രൽ ജയിലിലും പ്രതി രക്ഷപ്പെട്ടു. ഈറോഡ് ജില്ലയിലെ ഭവാനി സ്വദേശി രാഘവൻ (25) ആണ് പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്. പുലർച്ചെ 12.45ഓടെയായിരുന്നു സംഭവം. രണ്ടാം തവണയാണ് ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത്.
കവർച്ചാക്കേസിൽ വെള്ളിയാഴ്ചയാണ് അന്നൂർ പൊലീസ് രാഘവനെ അറസ്റ്റ് ചെയ്തത്. തുടർന്ന് റിമാൻഡ് നടപടികൾക്കായി രാത്രി 11 മണിയോടെ ഫാസ്റ്റ് ട്രാക്ക് കോടതി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പിന്നീട് കോയമ്പത്തൂർ സെൻട്രൽ ജയിലിലെത്തിച്ചു. ജയിലിലെ സുരക്ഷാ ഗേറ്റുകൾക്കിടയിലൂടെ കൊണ്ടുപോകുന്നതിനിടെ വിലങ്ങ് അഴിച്ചുമാറ്റിയ സമയം നോക്കി രാഘവൻ കാവലുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റി ഓടിരക്ഷപ്പെടുകയായിരുന്നു.
ഇതിന് മുമ്പും ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ജൂൺ മാസത്തിൽ മോഷണക്കേസിൽ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ അന്നൂരിൽ വെച്ച് പൊലീസിനെ വെട്ടിച്ച് കടന്നിരുന്നു. പിന്നീട് വെള്ളിയാഴ്ച ഭവാനിയിൽ നിന്നാണ് ഇയാളെ വീണ്ടും പിടികൂടിയത്. അന്ന് കൂടെയുണ്ടായിരുന്ന കർണാടക പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
രാഘവൻ വീണ്ടും രക്ഷപ്പെട്ടതോടെ അന്നൂർ പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ റേസ്കോഴ്സ് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. ഡ്രോൺ, സിസിടിവി സംവിധാനങ്ങൾ ഉപയോഗിച്ച് നഗരത്തിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ജില്ലാ അതിർത്തികളിലും പരിശോധന തുടരുകയാണ്.
തേനിയിലെ ജയിൽ സുരക്ഷാ വീഴ്ചയുടെ വിവാദം നിലനിൽക്കുന്നതിനിടെയാണ് കോയമ്പത്തൂരിലും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടിലെ ജയിൽ, പൊലീസ് സുരക്ഷാ സംവിധാനങ്ങൾക്കെതിരായ വിമർശനങ്ങളും ശക്തമായിട്ടുണ്ട്. എന്നാൽ സംഭവം ജയിൽ വകുപ്പിന്റെ വീഴ്ചയല്ലെന്നും പ്രതി പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോഴാണ് രക്ഷപ്പെട്ടതെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി.


