തിരുവനന്തപുരം: എൽപിഎസ്ടി നിയമന ആവശ്യമുന്നയിച്ച് നിരാഹാര സമരം നടത്തിയ വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരം കൂടുതൽ ശക്തമാക്കാൻ ഉദ്യോഗാർഥികൾ. ഇതിന്റെ ഭാഗമായി കൂട്ട നിരാഹാര സമരം പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിനിടെ ഉദ്യോഗാർഥികളും പൊലീസും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായി.
സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് മുന്നിൽ നിന്ന് മാറാൻ സമരക്കാർ തയ്യാറാകാതിരുന്നതും സമരത്തിന് പിന്തുണയുമായി യുവമോർച്ച, എബിവിപി പ്രവർത്തകർ എത്തിയതുമാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്. സമരക്കാരെ മാറ്റാനുള്ള പൊലീസ് ശ്രമത്തിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.
അതിനിടെ, സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് മുന്നിൽ പ്രതിഷേധ ജാഥ നടത്തിയതിന് ഉദ്യോഗാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരിച്ചറിഞ്ഞ എട്ടുപേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം നൽകിയ വളർമതിയാണ് ഒന്നാം പ്രതി. മുദ്രാവാക്യം വിളിച്ച് പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കിയെന്നാണ് എഫ്ഐആറിലെ ആരോപണം.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും മതിയായ നിയമനം നടന്നില്ലെന്നാരോപിച്ചാണ് എൽപിഎസ്ടി ഉദ്യോഗാർഥികൾ സമരരംഗത്തുള്ളത്. 2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്ന് വളരെ കുറച്ച് നിയമനങ്ങൾ മാത്രമാണ് നടന്നതെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പല ജില്ലകളിലും ഉയർന്ന റാങ്കിലുള്ളവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് ഇടവേളയ്ക്ക് ശേഷം സമരം വീണ്ടും ശക്തമാക്കിയത്. അനുപാതത്തിൽ മാറ്റം വരുത്തുന്നത് സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടെന്ന് സമരസമിതി നേതാവ് വളർമതി ആരോപിച്ചിരുന്നു. അതേസമയം, എയ്ഡഡ് സ്കൂളുകളിൽ പണം വാങ്ങി നിയമനം ലഭിച്ച അധ്യാപകർക്ക് അംഗീകാരം നൽകുമ്പോൾ സാമ്പത്തിക ബാധ്യതയെക്കുറിച്ച് പറയുന്നത് എന്തിനാണെന്നും സമരക്കാർ ചോദിക്കുന്നു.
ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതീകാത്മകമായി പുല്ലും മണ്ണും ഭക്ഷിച്ചും ഉദ്യോഗാർഥികൾ പ്രതിഷേധിച്ചിരുന്നു. സർക്കാർ തലത്തിൽ നടത്തിയ ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്നാണ് വളർമതി തല മുണ്ഡനം ചെയ്ത് നിരാഹാര സമരം ആരംഭിച്ചത്.
വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരം അവസാനിപ്പിക്കാതെ കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. കൂട്ട നിരാഹാര പ്രഖ്യാപനത്തോടെ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.


