തിരുവനന്തപുരം: പിഎസ്.സി പരീക്ഷ റദ്ദാക്കേണ്ടി വന്ന സംഭവത്തിന് പിന്നിൽ പുതിയ പരീക്ഷാ ക്രമീകരണമാണെന്ന വിമർശനം ഉയരുന്നു. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു ദിവസം രണ്ട് പരീക്ഷകൾ നടത്താൻ തീരുമാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് ആരോപണം.
പിഎസ്.സി ചെയർമാൻ എം.ആർ. ബൈജു കൊണ്ടുവന്ന പുതിയ പരിഷ്‌കരണത്തിലൂടെയാണ് ഒരു ദിവസം രണ്ട് പരീക്ഷകൾ നടത്തിയത്. ഇത്തരത്തിൽ പരീക്ഷ നടത്തിയാൽ ചോദ്യപേപ്പറുകൾ മാറിപ്പോകാൻ സാധ്യതയുണ്ടെന്ന് മുൻപേ ചില ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വിവരം. എന്നാൽ ആവശ്യമായ തയ്യാറെടുപ്പുകൾ ഉള്ളതിനാൽ പ്രശ്നമുണ്ടാകില്ലെന്നായിരുന്നു ചെയർമാന്റെ നിലപാട്.
ഉദ്യോഗസ്ഥർക്കുള്ള യാത്രാബത്ത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണം കൊണ്ടുവന്നതെന്നും ആരോപണമുണ്ട്. രണ്ട് ചോദ്യപേപ്പറുകൾ തിരിച്ചറിയാൻ രണ്ട് നിറത്തിലുള്ള കവറുകളും ഒരു ഐഡിയുമാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇതുമൂലം ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിൽ ചോദ്യപേപ്പർ മാറി നൽകിയാൽ പരീക്ഷ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്.
ഒന്നര ലക്ഷത്തിലധികം ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന പരീക്ഷയിൽ പുതിയ രീതി പരീക്ഷിച്ചതും വിമർശനത്തിന് ഇടയാക്കി. പരീക്ഷ നടത്തിപ്പിനായി ഏകദേശം മൂന്ന് കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, ചോദ്യപേപ്പർ മാറി നൽകിയ ആലപ്പുഴയിലെ പരീക്ഷാകേന്ദ്രത്തിൽ മാത്രം പുനഃപരീക്ഷ നടത്തിയാൽ മതിയെന്ന തീരുമാനമാണ് ഉദ്യോഗാർഥികൾക്ക് ആശ്വാസമായത്. എന്നാൽ ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയതോടെ നിരവധി ഉദ്യോഗാർഥികൾക്ക് ബുദ്ധിമുട്ട് നേരിട്ടു.
സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. പിഴവ് സംഭവിച്ചത് പുതിയ പരീക്ഷാ ക്രമീകരണത്തിലാണെന്ന വിമർശനം നിലനിൽക്കുമ്പോഴും, നടപടികൾ ആലപ്പുഴയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയായിരിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.




