പാലക്കാട്: പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം മലങ്കാട് പ്രദേശത്ത് പുതുതായി നിർമിച്ച ക്വാറിക്കെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. ജനവാസ മേഖലയിൽ ക്വാറി പ്രവർത്തനം ആരംഭിച്ചതോടെ വീടുകൾക്കും കുടിവെള്ള സ്രോതസ്സുകൾക്കും ഗുരുതരമായ ഭീഷണി ഉയരുമെന്ന ആശങ്ക ഉയർത്തിയാണ് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
മണപ്പാടം പ്രദേശത്ത് നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ക്വാറി സ്ഥലത്തേക്ക് നീങ്ങിയെങ്കിലും, ക്വാറിയുടെ പ്രവേശന കവാടത്തിൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയും രൂപപ്പെട്ടു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാതെ ക്വാറി പ്രവർത്തനം അനുവദിക്കാനാകില്ലെന്ന് സമര സമിതി നേതാക്കൾ വ്യക്തമാക്കി.
പ്രതിഷേധ പരിപാടിയിൽ കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി എന്നീ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പങ്കെടുത്തു. കെ.സി. ബിനു, സി.എസ്. ദാസ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി.എം. അബ്ദുൽ റഹ്മാൻ, കോൺഗ്രസ് നേതാവ് അബ്ബാസ്, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി നേതാക്കൾ തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
ജനവാസ മേഖലയിലെ ക്വാറി പ്രവർത്തനം പൂർണമായും നിർത്തിവെക്കണമെന്നും, പരിസ്ഥിതിയും കുടിവെള്ളവും സംരക്ഷിക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് ജനകീയ സമര സമിതി മുന്നറിയിപ്പ് നൽകി.






