കോഴിക്കോട് : പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 17 ലക്ഷം രൂപയുടെ പ്രവൃത്തിയിലൂടെ ആയഞ്ചേരിയിലെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമായി.
ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുള്ള വെള്ളക്കെട്ട് മഴക്കാലത്ത് വലിയ ദുരിതം വിധിച്ചിരുന്നു. ഇതിനാണ് അറുതിയായത്. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് വകുപ്പ് നോൺ പ്ലാൻ വിഭാഗത്തിൽ അനുവദിച്ച തുക ഉപയോഗിച്ചാണ് പ്രവര്‍ത്തികള്‍ നടത്തിയത്.
ആയഞ്ചേരി കടമേരി റോഡിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് രൂപപ്പെട്ട വെള്ളക്കെട്ട് കാരണം യാത്രക്കാർ നേരിടുന്ന പ്രശ്നത്തിലാണ് ഇതിലൂടെ പരിഹാരമായത്. പ്രവൃത്തിയുടെ സാങ്കേതിക അനുമതി നടപടികൾ, ടെൻഡർ നടപടികൾ എന്നിവ ദ്രുതഗതിയിലാണ് മുന്നോട്ടുപോയത്.
റോഡിന് നിരപ്പു ഉയർത്തിയാണ് പ്രശ്നം പരിഹരിച്ചത്. കടമേരി റോഡുമായി ബന്ധിപ്പിക്കുന്ന പഞ്ചായത്ത് വഴിയുടെ നിർമ്മാണത്തോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇത് വലിയ പ്രയാസം സൃഷ്ടിച്ചു. വെള്ളക്കെട്ട് കാരണം യാത്രക്കാർ നേരിടുന്ന പ്രശ്നം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.






