മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നത്തിൽ പി വി അന്‍വര്‍ മത്സരിക്കും. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തിലെത്തും.
തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ച് ദീർഘകാലമായുള്ള കേരള മിഷനിൽ നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെയ്പ്പ് ആയേക്കുമെന്നും വിലയിരുത്തലുണ്ട്. കേരളത്തിൽ ചുവടുറപ്പിക്കാൻ നേരത്തെയും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ശ്രമം നടത്തിയിരുന്നു. നിലമ്പൂരിലെ സിറ്റിംഗ് എംഎൽഎ ആയിരുന്ന അൻവർ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ച് സിപിഐഎമ്മുമായി അകന്ന അൻവർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായും അകന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമർശനം ഉയർത്തിയ അൻവർ മത്സരരംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






