ദോഹ: പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഖത്തർ ഗാസയിലേക്ക് പുതിയ ദുരിതാശ്വാസ സഹായം അയച്ചു. റാഫ അതിർത്തി വഴിയുള്ള ഈ സഹായം ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് , ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് എത്തിച്ചത്.
പുതിയ ബാച്ചിൽ 2,790 ഷെൽട്ടർ ടെന്റുകൾ, അടിസ്ഥാന ഭക്ഷണസാധനങ്ങൾ, വിവിധ ആവശ്യ സാധനങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു. ഖത്തർ സ്ഥാപിച്ച മാരിടൈം ബ്രിഡ്ജ് വഴി മുമ്പ് നടന്നു വന്ന സഹായ പ്രവർത്തനങ്ങളുടെ തുടർച്ചയാണിതെന്നും, ഗാസയിലെ സാധാരണ ജനങ്ങളുടെ ദുരിതം കുറയ്ക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധത ഉറച്ചതാണെന്നും അധികൃതർ വ്യക്തമാക്കി.



