തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ അതീജീവിതക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍.
സ്റ്റേഷനില്‍ ഹാജരാകാന്‍ രാഹുലിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്നും പറഞ്ഞ വാക്കുകള്‍ പലരും പല രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നെന്നും ദീപ പറഞ്ഞു.
റിമാന്‍ഡ് ചെയ്ത സമയത്ത് ജയിലിനുള്ളില്‍ നിരാഹാര സമരമിരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
പൊലീസ് വീട്ടില്‍ വന്നപ്പോള്‍ നോട്ടീസ് തന്നിരുന്നില്ല. എന്നാല്‍, നോട്ടീസ് തന്നിട്ടും കൈപ്പറ്റാന്‍ വിസമ്മതിച്ചതായാണ് പൊലീസ് ഇന്നലെ കോടതിയില്‍ പറഞ്ഞത്.
എല്ലാ കാര്യങ്ങളും കള്ളമാണ്. തുടര്‍ നടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനം എന്നാണ് ദീപ പറയുന്നത്.
അതേസമയം, സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും.
ഇന്നലെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്.
അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്.






