ന്യൂഡൽഹി: ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. വാൽമീകി സമുദായത്തിൽപ്പെട്ട അമിത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഭാരതീയ ന്യായ സംഹിതയിലെ 196, 299 വകുപ്പുകൾക്കും എസ്.സി./എസ്.ടി. നിയമത്തിലെ 3(1)(Q) വകുപ്പിനും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതപരമായ ചടങ്ങിന് രാഹുൽ ഗാന്ധി ജാതീയമായ വ്യാഖ്യാനം നൽകിയെന്നാണ് പരാതിയിലെ ആരോപണം.
ഓഗസ്റ്റ് 29ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഹൽദ്വാനിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെക്കുറിച്ച് വസ്തുതകൾ പരിശോധിക്കാതെയാണ് രാഹുൽ ഗാന്ധി സംസാരിച്ചതെന്നും പരാതിയിൽ പറയുന്നു. ചടങ്ങിനെ അയിത്താചരണമായും പട്ടികജാതി വിഭാഗത്തിനെതിരായ അതിക്രമമായും തെറ്റായി ചിത്രീകരിച്ചുവെന്നും ഇത് വിഭാഗീയതയ്ക്കും ശത്രുതയ്ക്കും കാരണമാകുമെന്നും പരാതിയിൽ ആരോപിക്കുന്നു.
ഖാർഗെയുടെ വേദിയിൽ ശുദ്ധീകരണ ചടങ്ങ് നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
രാഹുൽ ഗാന്ധിക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഭയപ്പെടുത്തി പിന്മാറ്റാമെന്ന് കരുതേണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഉത്തരാഖണ്ഡിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി പ്രതിഷേധിക്കാനാണ് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം. രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഹൽദ്വാനി സിറ്റി പൊലീസ് സൂപ്രണ്ട് അറിയിച്ചു.











