ജയ്പൂർ: ജയ്പൂരിൽ വൈദ്യുതി മുടക്കവും സാങ്കേതിക തകരാറും മൂലം തടസ്സപ്പെട്ട നീറ്റ്-പി.ജി. പരീക്ഷ സെപ്റ്റംബർ 5ന് വീണ്ടും നടത്തും. മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തുന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്.) ആണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്.
പരീക്ഷാ നടത്തിപ്പ് ഏജൻസിയായ ടിസിഎസിന്റെ രണ്ട് കേന്ദ്രങ്ങളിലുണ്ടായ സാങ്കേതിക തകരാറിനും വൈദ്യുതി തടസ്സത്തിനുമാണ് പരീക്ഷ മുടങ്ങിയത്. 41,682, 41,683 എന്നീ ടെസ്റ്റ് സെന്ററുകളിലെ പരീക്ഷാർഥികൾക്കാണ് സെപ്റ്റംബർ 5ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുനഃപരീക്ഷ നടത്തുക. പുതിയ പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും പുതുക്കിയ അഡ്മിറ്റ് കാർഡുകളും ഉടൻ ലഭ്യമാക്കുമെന്ന് എൻ.ബി.ഇ.എം.എസ്. അറിയിച്ചു. വിദ്യാർഥികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും ബോർഡ് വ്യക്തമാക്കി.
വൈദ്യുതി തടസ്സം അന്വേഷിക്കാൻ മൂന്നംഗ സമിതി
സംഭവത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ എൻ.ബി.ഇ.എം.എസ്. മൂന്നംഗ സമിതിയെ നിയോഗിച്ചു. രാജസ്ഥാൻ സർക്കാർ പ്രതിനിധി, കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവരാണ് സമിതിയിലുള്ളത്. നിശ്ചിത സമയപരിധിക്കുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും.
ചോദ്യപേപ്പർ ചോർച്ചയോ സൈബർ ആക്രമണമോ ഹാക്കിങ്ങോ ഉണ്ടായിട്ടില്ലെന്ന് എൻ.ബി.ഇ.എം.എസ്. പ്രസിഡന്റ് ഡോ. അഭിജാത് ഷേത്ത് വ്യക്തമാക്കി. സീതാപുരയിലെ കേന്ദ്രങ്ങളിലെ 2,445 പരീക്ഷാർഥികൾക്കാണ് പരീക്ഷ പൂർത്തിയാക്കാൻ കഴിയാതിരുന്നത്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിനാണ് പുനഃപരീക്ഷ നടത്തുന്നതെന്നും ഇത് മൂല്യനിർണയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷയ്ക്കിടെ സിസ്റ്റങ്ങൾ തകരാറിലായെന്ന് വിദ്യാർഥികൾ
രണ്ട് മണിക്കൂറിനിടെ പരീക്ഷ ഏകദേശം പത്ത് തവണ തടസ്സപ്പെട്ടതായി പരീക്ഷാർഥിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പുതന്നെ കമ്പ്യൂട്ടറുകൾ ഓഫായെന്നും പരീക്ഷയ്ക്കിടെ ഇടയ്ക്കിടെ സിസ്റ്റങ്ങൾ ക്രാഷായെന്നും വിദ്യാർഥികൾ ആരോപിച്ചു. വലിയ തുക ഫീസായി ഈടാക്കിയിട്ടും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നാണ് വിദ്യാർഥികളുടെ വിമർശനം.
സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസും രംഗത്തെത്തി. മോദി സർക്കാരിന് ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് എക്സിൽ വിമർശിച്ചു.
ഓഗസ്റ്റ് 30ന് രാജ്യത്തെ 339 നഗരങ്ങളിലായി 1,111 കേന്ദ്രങ്ങളിലാണ് നീറ്റ്-പി.ജി. പരീക്ഷ നടന്നത്. രജിസ്റ്റർ ചെയ്ത 2,73,096 പരീക്ഷാർഥികളിൽ 2,65,980 പേർ പരീക്ഷയ്ക്ക് ഹാജരായി. ഇതിൽ 2,63,535 പേർ വിജയകരമായി പരീക്ഷ പൂർത്തിയാക്കിയതായി എൻ.ബി.ഇ.എം.എസ്. അറിയിച്ചു.











