കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ കൊച്ചി സന്ദർശനത്തെ തുടർന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ മുതൽ വൈകിട്ട് ആറുവരെയാണ് നിയന്ത്രണം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിൽ ഡ്രോൺ പറത്തുന്നതിനും വഴിയോര കച്ചവടത്തിനും നിയന്ത്രണമുണ്ട്.
നെടുമ്പാശേരി മുതൽ ആലുവ വരെയുള്ള ഭാഗത്ത് രാവിലെ 10 മണിവരെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10ന് ശേഷം അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
ഉച്ചയ്ക്ക് 12.40 മുതൽ 2 മണിവരെ അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് യാതൊരു വാഹനങ്ങളും കടത്തിവിടില്ല. വിമാനത്താവളത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ ഉച്ചയ്ക്ക് 1.25 മുതൽ 2 മണിവരെ മറ്റൂർ–നായത്തോട് വഴി പോകേണ്ടതാണ്.
1.20 മുതൽ 2 മണിവരെ അത്താണിയിൽ നിന്ന് ആലുവ ഭാഗത്തേക്കും വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. പറമ്പയം, ദേശം, പറവൂർ കവല, തോട്ടക്കാട്ടുകര, അത്താണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് 1.30 മുതൽ 2 മണിവരെ മെയിൻ റോഡിലേക്ക് പ്രവേശനം അനുവദിക്കില്ല.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രാ ക്രമീകരണങ്ങൾ നടത്തണമെന്ന് അധികൃതർ അറിയിച്ചു.


