മുംബൈ: മറാഠിഭാഷ അറിയാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധവും അനീതിയുമാണെന്ന് കേന്ദ്ര സാമൂഹികനീതി സഹമന്ത്രി രാംദാസ് അഠാവ്ളെ. മറാഠിഭാഷ പഠിക്കുന്നതിനെ താൻ എതിർക്കുന്നില്ലെന്നും എന്നാൽ ഭാഷാ പ്രാവീണ്യമില്ലെന്ന കാരണത്താൽ സാധാരണക്കാരുടെ ലൈസൻസ് റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണെന്നും രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവർക്കും നഗരത്തിലെത്തി ജോലി ചെയ്യാനുള്ള അവകാശമുണ്ടെന്നും അഠാവ്ളെ ചൂണ്ടിക്കാട്ടി. മുംബൈയിലെ മറാഠി ഇതര ജനവിഭാഗങ്ങളിൽ ഏകദേശം 60 ശതമാനം പേരും എൻ.ഡി.എയ്ക്ക് വോട്ട് ചെയ്തവരാണെന്നും അദ്ദേഹം പറഞ്ഞു.
മറാഠി സംസാരിക്കാൻ പഠിക്കുന്നതിനായി കുടിയേറ്റക്കാരായ ഡ്രൈവർമാർക്ക് മഹാരാഷ്ട്ര സർക്കാർ ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും ഭാഷ പഠിക്കുന്നതിന് ഇത്രയധികം സമ്മർദം ചെലുത്തുന്നത് ഉചിതമല്ലെന്നും അഠാവ്ളെ വ്യക്തമാക്കി.
വാണിജ്യ യാത്രാവാഹനങ്ങളിലെ ഡ്രൈവർമാർക്ക് മറാഠിഭാഷാ പ്രാവീണ്യം നിർബന്ധമാക്കി ഗതാഗതവകുപ്പ് ഏപ്രിലിൽ ഉത്തരവിറക്കിയിരുന്നു. ഓഗസ്റ്റ് 15നകം ഭാഷാ പ്രാവീണ്യം നേടണമെന്നായിരുന്നു നിർദേശം.
തുടർന്ന് നടത്തിയ പരിശോധനയിൽ 1,200ലധികം ഡ്രൈവർമാർക്ക് ആർ.ടി.ഒ. നോട്ടീസ് നൽകിയതോടെയാണ് വിഷയം വലിയ രാഷ്ട്രീയ ചർച്ചയായത്. ടാക്സി യൂണിയനുകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഡ്രൈവർമാർക്കെതിരായ നടപടികൾ ഒരുവർഷത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.


