തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാറിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഇത്തരം പരാമർശങ്ങൾ അനുകരണീയമല്ലെന്നും മന്ത്രി പറഞ്ഞു.
ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നതെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി. രാജ്യത്തിന്റെ രാഷ്ട്രപതി പോലും ഒരു വനിതയാണ്. മതവിശ്വാസങ്ങൾ പിന്തുടരുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ഭരണഘടനയെ മാനിക്കണമെന്നും മന്ത്രി പറഞ്ഞു. അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സർക്കുലർ വിവാദമായതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ പുതിയ പരാമർശം.
സ്ത്രീകൾ വീട്ടിൽ ഒതുങ്ങി ജീവിക്കണമെന്നാണ് ഖുറാൻ പഠിപ്പിക്കുന്നതെന്നായിരുന്നു കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ കാന്തപുരം പറഞ്ഞത്. സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകളോടുള്ള ബഹുമാനം കൊണ്ടാണ് പൊതുവേദികളിൽ ഇറങ്ങരുതെന്ന് പറയുന്നതെന്നും അന്യപുരുഷന്മാർക്കിടയിൽ അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയതെന്നും കാന്തപുരം പറഞ്ഞു. തന്റെ പരാമർശങ്ങളെ വിമർശിക്കുന്നതിനെ ഭയപ്പെടില്ലെന്നും മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരെന്ന നിലയിൽ മുസ്‌ലിം സമുദായത്തോട് ഇത്തരം കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു.


