തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച നടപടിയെ വിമർശിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ തുടർന്നാണ് വിമർശനം.
‘പ്രോട്ടോക്കോൾ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ സർക്കാർ പാട്ടും പാടും, ദണ്ഡയും ചുഴറ്റും, ഷൂ പോളീഷും ചെയ്യും’ എന്നായിരുന്നു വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് സർക്കാർ വിശദീകരണം.
സംഭവത്തിൽ വിമർശനവുമായി അഡ്വ. വി. ജോയ് എംഎൽഎയും രംഗത്തെത്തി. ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ ഉപരാഷ്ട്രപതിക്ക് മുന്നിൽ വന്ദേമാതരം പൂർണമായി ആലപിച്ച് സംഘപരിവാർ അജണ്ട നടപ്പാക്കിയെന്നാണ് വി. ജോയിയുടെ ആരോപണം. ‘പ്രോട്ടോക്കോൾ’ ആണെന്ന് പറഞ്ഞാൽ കോൺഗ്രസുകാർ ഇനി ശാഖയിൽ പോയി കാക്കി നിക്കറും ഇടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
വന്ദേമാതരം പൂർണമായി ആലപിച്ച സർക്കാർ നടപടിയെ ഡിവൈഎഫ്‌ഐയും വിമർശിച്ചു. സംഘപരിവാർ ആശയങ്ങൾക്ക് വഴങ്ങി മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മാതൃകകളെ ഇല്ലാതാക്കുകയാണ് യുഡിഎഫ് സർക്കാരെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം.
ആറന്മുള ഉത്രട്ടാതി വള്ളംകളിയിലും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നുവെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. ഓണം മുന്നോട്ടുവയ്ക്കുന്ന വിശാലമായ മതേതരത്വത്തിന്റെ ഇടം പോലും സംഘപരിവാർ ആശയങ്ങൾക്കായി സർക്കാർ വിട്ടുനൽകുകയാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
അതേസമയം, ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്ന നിലപാടിലാണ് സർക്കാർ.


