പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഡിവൈഎഫ്ഐയും യുവമോർച്ചയും പ്രതിഷേധം സംഘടിപ്പിച്ചു. മൂന്നാമത്തെ ബലാത്സംഗ പരാതിയുടെ പശ്ചാത്തലത്തിൽ രാഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്നലെ അർധരാത്രിയോടെ പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എആർ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുലിനെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്.






