തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത്തരം മഴ തുടരാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മലയോര മേഖലകളിൽ ഇടിമിന്നലും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ് .
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. അതേസമയം, കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.










