തടവുപുള്ളികൾക്ക് ശിക്ഷയിളവ് നൽകുന്നതിന് മന്ത്രിസഭയുടെ ശുപാർശമാത്രം അടിസ്ഥാനമാക്കുന്നതിനോട് വിയോജിച്ച് രാജ്ഭവൻ. ഇളവ് പരിഗണിക്കുന്നതിന് 12 ഇന മാർഗരേഖ രാജ്ഭവൻ തയ്യാറാക്കി. കൂടാതെ ശിക്ഷയിൽ ഇളവ് നൽകാൻ സർക്കാർ നൽകിയ അഞ്ചുപേരുടെ ഫയലുകളും രാജ്ഭവൻ തിരിച്ചയക്കുകയും ചെയ്തു.
ഇതിൽ കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ മോചനഫയലും ഉണ്ട്. രാജ്ഭവൻ നിർദേശിച്ച മാതൃകയിൽ ഇവരുടെ ശുപാർശ വീണ്ടും സർക്കാർ നൽകേണ്ടിവരും. ശിക്ഷയിളവുനൽകേണ്ട പ്രതി ചെയ്തകുറ്റം, ലഭിച്ച ശിക്ഷ, ശിക്ഷാകാലയളവിൽ എത്രവട്ടം പരോൾ ലഭിച്ചെന്നതിന്റെ വിശദാംശങ്ങൾ, ജയിലിലെ പെരുമാറ്റവുംമറ്റും പരിശോധിച്ച ജയിൽ ഉപദേശകസമിതിയുടെ റിപ്പോർട്ട്, മോചനം ലഭിച്ച് പ്രതി പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യത്തിലേർപ്പെടാനുള്ള സാധ്യത പരിശോധിക്കുന്ന സാമൂഹികാഘാത റിപ്പോർട്ട് എന്നിവയുടെയൊക്കെ സംക്ഷിപ്തം ചാർട്ടായി നൽകണം. പ്രതിക്ക് മുൻവൈരാഗ്യമുള്ളവർ നാട്ടിലുണ്ടെങ്കിൽ അവർ നേരിേട്ടക്കാവുന്ന ഭീഷണി സംബന്ധിച്ചുള്ള വിവരങ്ങളും കണക്കിലെടുക്കും.
മന്ത്രിസഭാതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ ശിക്ഷയിളവിനുള്ള ശുപാർശ അംഗീകരിക്കുകയാണ് സാധാരണ പതിവ്. എന്നാൽ, ജയിലിൽ കുറ്റകൃത്യം ചെയ്തവർക്കുവരെ ഇളവ് ലഭിക്കുന്ന സാഹചര്യം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം.






