തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത ആശയക്കുഴപ്പത്തിൽ തുടരവെ, വിഷയത്തിൽ രൂക്ഷമായ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരിന് മുൻതൂക്കം ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ്, കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളെ ട്രോളിക്കൊണ്ട് രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്. കെ.സി. വേണുഗോപാലിന്റെ സ്ഥാനലബ്ധിയെച്ചൊല്ലി ബിജെപിയുടെ കേരള ഘടകവും ദേശീയ ഘടകവും തമ്മിൽ രസകരമായ വടംവലി നടക്കുന്നുവെന്ന രീതിയിലുള്ള ഒരു ട്രോളാണ് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
കെ.സി. വേണുഗോപാൽ കേരളത്തിൽ മുഖ്യമന്ത്രിയായി വരണമെന്ന് ബിജെപി കേരള ഘടകവും, അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്ന് ബിജെപി ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നുവെന്ന ആദിത്യ ജാക്കി എന്നയാളുടെ ട്വിറ്റർ കുറിപ്പാണ് അദ്ദേഹം പങ്കുവച്ചത്. കെ.സി. വേണുഗോപാൽ കോൺഗ്രസിനേൽപ്പിക്കുന്ന ആഘാതങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ഈ പോസ്റ്റിനൊപ്പം, ‘ഇത് സത്യമാണോ അല്ലയോ എന്ന് തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല’ എന്ന രസകരമായ അടിക്കുറിപ്പും രാജീവ് ചന്ദ്രശേഖർ നൽകിയിട്ടുണ്ട്. കേരളത്തിലെ ഭരണപ്രതിസന്ധിയും കോൺഗ്രസിലെ ഗ്രൂപ്പിസവും ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ സൂചനയായാണ് ഈ പ്രതികരണം വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ അനിശ്ചിതമായി നീളുകയാണ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിലേക്ക് പോയതും, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബംഗളൂരുവിലേക്ക് യാത്ര തിരിച്ചതും തീരുമാനങ്ങൾ വൈകാൻ കാരണമായി. ഖാർഗെ മടങ്ങിയെത്തിയ ശേഷം മാത്രമേ ചർച്ചകൾ പുനരാരംഭിക്കുകയുള്ളൂ. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രി പദത്തിനായി ശക്തമായ അവകാശവാദം ഉന്നയിക്കുന്നതാണ് ഹൈക്കമാൻഡിനെ കുഴപ്പിക്കുന്നത്. മൂന്ന് നേതാക്കളുടെയും അനുയായികൾ ഒരേപോലെ പ്രതീക്ഷയിലാണെന്നത് ഗ്രൂപ്പ് പോര് രൂക്ഷമാണെന്നതിന്റെ തെളിവാണ്
.
ഇനി ഇക്കാര്യത്തിൽ ഘടകകക്ഷികളുമായി ചർച്ചകൾ നടത്തില്ലെന്നും കോൺഗ്രസ് നേതൃത്വം നേരിട്ട് തീരുമാനം പ്രഖ്യാപിക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. അന്തിമ പ്രഖ്യാപനത്തിന് മുൻപ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയുടെ നിലപാട് തേടും. മൂന്ന് നേതാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ‘പവർ ഷെയറിംഗ്’ ഫോർമുല കണ്ടെത്തുക എന്നത് ഹൈക്കമാൻഡിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. ഭരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇത്തരം അനിശ്ചിതത്വങ്ങൾ ഉണ്ടാകുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക യുഡിഎഫ് അണികൾക്കിടയിലുമുണ്ട്. നേതാക്കൾ തമ്മിലുള്ള ഈ മൂപ്പിളമ തർക്കം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.






