തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്കുശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന കോൺഗ്രസിന്റെ പരാതി വരണാധികാരി തള്ളി.
ബെംഗളൂരു കോറാമംഗലയിലെ 200 കോടിയോളം രൂപ വിലമതിക്കുന്ന വീടിന്റെ വിവരങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ശബരിനാഥ് ഉൾപ്പെടെയുള്ള കോൺഗ്രസ് ആരോപണം. ഈ വിഷയത്തിൽ നൽകിയ പരാതിയെ തുടർന്ന് പത്രിക നേരത്തെ പരിഗണനയിൽ നിന്ന് മാറ്റിവെച്ചിരുന്നു. വാദത്തിനിടെ സ്വത്തുവിവരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ വരണാധികാരിക്ക് അധികാരമില്ലെന്നും, പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം കോടതിയിൽ പോകാമെന്നും ബിജെപി അഭിഭാഷകൻ വാദിച്ചു. തുടർന്ന് പത്രിക സ്വീകരിക്കുകയായിരുന്നു.
ഫോം 26-ൽ തെറ്റില്ലെന്നും ആരോപണങ്ങൾ ഉണ്ടെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യാമെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു. നേമത്തിൽ ബിജെപിയുടെ മുന്നേറ്റം കണ്ടതുകൊണ്ടാണ് കോൺഗ്രസും സിപിഎമ്മും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രതികരിച്ചിരുന്നു.






