പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്. കോടതി പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും, ഇത്ര ഗുരുതര കുറ്റകൃത്യം നടത്തിയ വ്യക്തിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ മാർച്ച് 27നാണ് യുവതി പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നും, ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. കേസിൽ ബലാത്സംഗം, എസ്സി-എസ്.ടി പീഡന നിരോധന നിയമം എന്നിവയുടെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവം രാഷ്ട്രീയ വിവാദമായതോടെ, ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.






