തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ‘നുണേശൻ’ എന്ന പേരിൽ പ്രചാരണം നടത്തിയ സർക്കാർ ജീവനക്കാർക്ക് പണി കിട്ടും. ഇവർക്കെതിരെ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ചില സിപിഎം അനുഭാവികളായ ജീവനക്കാരാണ് പ്രചാരണത്തിനു ചുക്കാൻപിടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എകെജി സെന്ററിലെ സമൂഹമാധ്യമ സംഘവുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന സൂചനയും ലഭിച്ചു. സർക്കാർ ജീവനക്കാർ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകരുതെന്ന ചട്ടം ലംഘിച്ചെന്നു കാട്ടിയാണ് അന്വേഷണം.
സന്ദീപ് വാര്യർ എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ പരാതി കണക്കിലെടുത്താണ് അന്വേഷണം ആരംഭിച്ചത്. സർക്കാർ ശമ്പളം വാങ്ങി സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ച ജീവനക്കാരനെതിരെ നടപടി എടുക്കണമെന്ന് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
‘നുണേശൻ’ പ്രചാരണത്തിന്റെ ഭാഗമായിരുന്നെന്നു കരുതുന്ന, പബ്ലിക് റിലേഷൻസ് വകുപ്പിലെ അസിസ്റ്റന്റ് എഡിറ്ററെ അന്വേഷണം വരുന്നെന്നറിഞ്ഞ് ഒരു സിപിഎം എംഎൽഎയുടെ പിഎ ആയി സ്ഥലംമാറ്റിയിരുന്നു. ശിക്ഷാനടപടിയായി ഉണ്ടായേക്കാവുന്ന സ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കാനായിരുന്നു ഇത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിആർഡിയിൽനിന്ന് വർക്ക് അറേഞ്ച്മെന്റ് വ്യവസ്ഥയിലാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിച്ചത്.
ഇതിനൊപ്പം ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലയളവും പിണറായി സർക്കാരിന്റെ ഭരണകാലവും തമ്മിൽ താരതമ്യം ചെയ്ത് മാധ്യമങ്ങളിൽ പരസ്യം നൽകിയതിനെക്കുറിച്ചും അന്വേഷണം വരും. രാഷ്ട്രീയ താൽപര്യത്തോടെ ഇരു സർക്കാരുകളെ താരതമ്യം ചെയ്തു പരസ്യം തയാറാക്കിയത് അച്ചടക്കലംഘനമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പരസ്യം തയാറാക്കിയവരും ഫയൽ കൈകാര്യം ചെയ്തവരുമാകും കുടുങ്ങുക.






